02:44am 26 May 2026
NEWS
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിന് കാരണം ആൽക്കൂട്ട വിഭ്രാന്തി- സിദ്ധരാമയ്യ
23/08/2025  11:19 AM IST
വിഷ്ണുമംഗലം കുമാർ
ചിന്നസ്വാമി സ്റ്റേഡിയ ദുരന്തത്തിന് കാരണം ആൽക്കൂട്ട വിഭ്രാന്തി- സിദ്ധരാമയ്യ

ബംഗളുരു: ജൂൺ നാലിന് പതിനൊന്ന് പേർ കൊല്ലപ്പെടാനും എഴുപതോളം പേർക്ക് പരിക്കേൽക്കാനും ഇടയായ സ്റ്റേഡിയ ദുരന്തത്തിന് കാരണം ആൽക്കൂട്ടത്തിന്റെ അമിതാവേശമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോക് തുടങ്ങിവെച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. " ഐപിഎൽ കപ്പ് നേടിയ റോയൽ ചാലഞ്ച് ബംഗളുരു (ആർ സി ബി) ടീമിനോടുള്ള ക്രിക്കറ്റ് പ്രേമികളുടെ അതിരുവിട്ട ആരാധനയും വിജയാഹ്ലാദ പ്രകടനവുമാണ് കാര്യങ്ങൾ വഷളാക്കിയത്. ബംഗളുരുവിന്റെ ഔദ്യോഗിക ടീമാണ് ആർ സി ബി എന്ന തെറ്റിദ്ധാരണ ചിലർ വെച്ചുപുലർത്തിയിരുന്നു. കർണാടകക്കാരായ രണ്ടു കളിക്കാർ ടീമിലുണ്ടായിരുന്നു എന്നല്ലാതെ അത് ഗവണ്മെന്റിന്റെ ഔദ്യോഗിക ടീമായിരുന്നില്ല. പതിനെട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ആർ സി ബി കപ്പ് നേടിയത്. അതിലുള്ള ആഹ്ലാദം മാസ്സ് ഹിസ്റ്റീരിയയായി മാറുകയായിരുന്നു. ചില പ്രത്യേകഘട്ടങ്ങളിൽ ജനക്കൂട്ടത്തിന്റെ താല്പര്യത്തിന് അധികാരികൾക്ക്‌ വഴങ്ങിക്കൊടുക്കേണ്ടതായി വരും. അതാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ടും ഉണ്ടായത്" മുഖ്യമന്ത്രി വിശദീകരിച്ചു. " കപ്പ് നേടിയത് സംസ്ഥാനത്തിന്റ ഔദ്യോഗിക ടീമല്ലാത്തതിനാൽ അനുമോദന ചടങ്ങിൽ താൻ പങ്കെടുക്കുന്നില്ലെന്ന് അന്ന് രാവിലെ തന്നെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജുവിന്റെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വേണ്ടത് ചെയ്തില്ല. ( ദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ഗോവിന്ദരാജുവിനെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി പുറത്താക്കിയിരുന്നു). " പ്രതിപക്ഷവും ആൽക്കൂട്ടത്തിന്റെ വികാരം മുതലെടുക്കാനാണ് ശ്രമിച്ചത്. അനുമോദനച്ചടങ്ങിന് ആഭ്യന്തര മന്ത്രി അനുവാദം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. " മതസ്ഥാപനങ്ങളുടെ ചടങ്ങുകൾ, കായികമേളകൾ, ആഘോഷപരിപാടികൾ തുടങ്ങിയവ നടക്കുമ്പോൾ ആളുകളുടെ വിരണ്ടോട്ടം സംഭവിക്കാറുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതവണ അത് സംഭവിച്ചിട്ടുണ്ട്. അത്തരം അവിചാരിത അത്യാഹിതങ്ങൾ ഗവണ്മെന്റിന്റെ വീഴ്ചയായി കാണുന്നത് തെറ്റാണ്" സിദ്ധരാമയ്യ വ്യക്തമാക്കി. ഗവണ്മെന്റ് നാടിനോട് മാപ്പ് പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചത് ഇങ്ങനെയാണ്. "ക്രമസമാധാന പരിപാലനത്തിൽ വീഴ്ച വരുത്തിയതിന് മൂന്നു ഐ പി എസ് ഓഫിസർമാർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തിരുന്നു. മജിസ്‌ട്രേറിയൽ അന്വേഷണത്തിന് പുറമെ ജൂഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. മാപ്പ് പറഞ്ഞതുകൊണ്ട് നീതി നടപ്പാകില്ല. നാലര പതിറ്റാണ്ട് നീണ്ട എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലുള്ള ഒരു ദുരന്തം ആദ്യമായാണ്. അതിലെനിക്ക് അതിയായ ദുഃഖമുണ്ട്" മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ ബിജെപി അംഗങ്ങൾ സഭ വിട്ടിറങ്ങി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img